WFH സിൻഡ്രോം

 

"മോളെ , മിക്സി ഓൺ ചെയ്യട്ടെ ? " ചെവിക്കു പിന്നിൽ ഒരു മന്ത്രണം... ഓൺലൈൻ മീറ്റിംഗിൽ  നടന്ന സംഭവവികാസങ്ങളുടെ ഞെട്ടലിൽ മീറ്റിംഗ് അവസാനിച്ചിട്ടും ഹെഡ്‍ഫോൺ അഴിച്ചു വെക്കാതെ ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ. മീറ്റിംഗ് കഴിഞ്ഞിട്ടില്ലെന്ന് കരുതിയാണ് അമ്മ അടക്കിപ്പിടിച്‌ ഈ  അഭ്യർത്ഥന നടത്തിയത് . ഈയിടെയായി ഇവിടെ ഇങ്ങനെയാണ്. അംഗവിക്ഷേപങ്ങളാണ് കൂടുതൽ , അല്ലെങ്കിൽ അടക്കിപ്പിടിച്ച സ്വകാര്യങ്ങൾ ..നിശബ്ദമായി തുമ്മാനും ചുമക്കാനും എല്ലാവരും പഠിച്ചിരിക്കുന്നു.. അതിനു കാരണമുണ്ട് ..ഞാനും അനിയനും ഞങ്ങളുടെ കർമ്മമണ്ഡലം വീട്ടിലേക്കു മാറ്റിയിരിക്കുന്നു ...

ഞങ്ങളുടെ ഇരിപ്പും ഭാവവും ഒക്കെ കണ്ടാൽ അഞ്ചു നിമിഷം ലാപ്ടോപിന്റെ മുന്നിൽ നിന്നും എഴുന്നേറ്റാൽ കമ്പനിയുടെ സൂചിക താഴേക്കു ഇടിഞ്ഞു അതിനിടയിൽ കിടന്നു ഈ ഭൂലോകം മുഴുവൻ ചതഞ്ഞു പോകുമെന്ന് തോന്നും. ദിവസം മുഴുവൻ മീറ്റിംഗുകൾക്കായി അടിയറ വെച്ചിരിക്കുകയാണ് ... അതിനിടയിൽ പരിസരത്തു നിന്നും ഉയർന്നേക്കാവുന്ന ഒരോ സ്വന തരംഗത്തെയും  ഞങ്ങൾ ഭീഷണിപ്പെടുത്തി അടക്കി നിർത്തും . നാളികേരം അരച്ചുള്ള കറി അത് കൊണ്ട് തന്നെ ഇപ്പോൾ വാരാന്ത്യങ്ങളിലെ മാത്രം ആർഭാടമാണ് ..പിന്നെ ഇന്നിപ്പോൾ എന്താണാവോ ഇങ്ങനെ ഒരാവശ്യം ?

പത്തുമണിക്ക് സൈക്കിളിലിൽ "അയല മത്തി ചൂര " പാടി ആഘോഷപൂര്വ്വം മീൻ വിക്കാൻ  വരുന്ന വാസുവേട്ടനോടും ഞങ്ങൾ ചട്ടം കെട്ടിയിട്ടുണ്ട് . ഒരു silent zone  ബോർഡ് ഗേറ്റിൽ തൂക്കിയാലോ എന്നും ഞങ്ങൾ ഗൗരവതരമായി ആലോചിക്കുന്നുണ്ട്..വീടിനടുത്തെ ഇടവഴിയിൽ വന്നു ആരവപൂർവം പന്ത് കളിച്ചിരുന്ന കുട്ടിക്കൂട്ടത്തെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയതിന്റെ ഒരു മുഷിപ്പ് അയൽക്കാർക്ക് പൊതുവെ ഉണ്ട് ..

ബന്ധു മിത്രാദികളും ദേഷ്യത്തിലാണ് .. അച്ഛന്റെയും അമ്മയുടെയും ഫോണിൽ വരുന്ന വിളികളെല്ലാം നിർദ്ദാക്ഷ്യണ്യം  നിരസിക്കുകയാണ് രണ്ടു പേരും. മക്കളുടെ ഔദ്യോഗിക ജീവിതം പച്ച പിടിച്ചു കാണാൻ കണ്ണ് നട്ടു കാത്തിരുന്നവരാണ് ഇരുവരും..ഇതിലും വലിയൊരു അഭിമാനം അവർക്കു പറഞ്ഞറിയിക്കാനില്ല. ഫോൺ സംഭാഷണം അനുവദനീയമായ ദിവസങ്ങളിൽ ചിലപ്പോൾ ആരോടെങ്കിലും ഒക്കെ പറയുന്നത് കേൾക്കാം "മക്കൾക്ക് വളരെ ഉത്തരവാദിത്വമുള്ള ജോലിയാണ്.. അവരില്ലാതെ കമ്പനിയിലെ കാര്യങ്ങൾ ഒന്നും മുന്നോട്ടു പോകില്ലെന്ന് " അത് കേൾക്കുമ്പോൾ ഞാൻ മനസ്സാ ചിരിക്കും.

സീരിയലും വാർത്തകേൾക്കലും പൂർണ്ണമായി നിരോധിച്ചു...അല്ലെങ്കിൽ, ഞങ്ങൾക്ക് വേണ്ടി അവർ സസന്തോഷം അതെല്ലാം മാറ്റി വെച്ചു . അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റ പണികൾ പോലും വാരാന്ത്യത്തിലേക്കു മാറ്റി വെച്ചു. അങ്ങനെ ശബ്ദങ്ങൾക്ക് ശാസനയോ കണ്ണുരുട്ടലോ ഒക്കെയായി പിഴ ഈടാക്കി ജീവിതം മുന്നോട്ടു പോവുകയായിരുന്നു ..

അങ്ങനെ ഇരിക്കെയാണ് അച്ഛനിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത് .. എന്തോ ഒരു അസ്വാഭാവികത.ശനിയും ഞായറും പോലും അച്ഛന് മിണ്ടാട്ടമില്ല , എന്ന് മാത്രമല്ല ആരെയും ഉറക്കെ സംസാരിക്കാൻ സമ്മതിക്കുന്നില്ല . അടുക്കളയിൽ മിക്സി ഓൺ ചെയ്താൽ ഓടി പോയി ഓഫ് ആക്കും..ഫോൺ പാടെ ഉപേക്ഷിച്ചു .അയൽക്കാരോടും സന്ദര്ശകരോടും അംഗവിക്ഷേപം മാത്രം . ഞങ്ങൾ അച്ഛനെയും കൂട്ടി ഡോക്ടറുടെ അരികിൽ എത്തി . പഠനത്തിന് പുതിയൊരു മേച്ചില്പുറം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഡോക്ടർ . ആരും ഇത് വരെ പോകാത്ത വഴികളിലൂടെ പോകാൻ കൊതിക്കുന്ന ആളാണെന്നു ആ ഉത്സാഹം കണ്ടപ്പോൾ തോന്നി . കഥകൾ മുഴുവൻ കേട്ട് ഡോക്ടർ ഞങ്ങളെ സമാധാനിപ്പിച്ചു . പേടിക്കേണ്ട എല്ലാം പതുക്കെ ശരിയാകും എന്ന് പറഞ്ഞു . ഒരു മാസത്തേക്ക് കഴിക്കാനുള്ള മരുന്നിന്റെ കുറിപ്പടിയും  വാങ്ങിച്ചു ഇറങ്ങുമ്പോൾ ഞങ്ങൾ കുറ്റബോധത്തോടെ പരസ്പരം നോക്കി ....





നിറകൺചിരിയോടെ (ഒരു ആസ്വാദന കുറിപ്പ് )

"കടൽ മനസ്സിലിരമ്പുന്നു .. അവിടെ വാക്കുകൾക്ക് പ്രസക്തിയില്ല ..കരച്ചിലിനു  നിയമങ്ങളില്ല" . മനസ്സിലിരമ്പുന്ന കടലിൽ നിന്നും നിറകൺചിരിയോടെ  ഓരോ തുള്ളി പകർന്നു തന്ന കഥാകൃത്ത് : സി രാധാകൃഷ്ണൻ . "എല്ലാം മായ്ക്കുന്ന കടലിൽ" തുടങ്ങി  "ഇനിയൊരു നിറകൺചിരി" യിൽ അവസാനിക്കുന്ന നോവൽ പരമ്പരയിലൂടെ നാം അടുത്തറിഞ്ഞ ശാസ്ത്രജ്ഞനായ  എഴുത്തുകാരൻ . ഓരോ കൃതിയും സൃഷ്ടിക്കുന്നത് ഓരോ സങ്കടത്തിന്റെ അറുതിക്കാണെന്നു   "ഇനിയൊരു നിറകൺചിരി" യുടെ ആമുഖത്തിൽ അദ്ദേഹം പറയുന്നു.അങ്ങനെയെങ്കിൽ പ്രിയ കഥാകൃത്തിന്റെ സങ്കടങ്ങൾ തീരാതിരിക്കട്ടെ എന്ന് സാഹിത്യ കുതുകികൾ അറിയാതെ മോഹിച്ചു പോകുന്നു.പാരമ്പര്യത്തെയും ആചാരങ്ങളെയും മുറുകെ പിടിച്ച ഒരു തലമുറയെയും ശാസ്ത്രം ശീലിച്ചു പോയ പുതിയ തലമുറയെയും ബന്ധിപ്പിക്കുന്ന ഒറ്റയടി പാതയിലൂടെ സസൂക്ഷ്മം യാത്ര തുടങ്ങിയത് സി രാധാകൃഷ്ണൻ ആണെന്ന് നിസ്സംശയം പറയാം. നല്ല വടിവൊത്ത കയ്യൊപ്പോടു കൂടിയ അദ്ദേഹത്തിന്റെ നോവലുകൾ എന്നും കൗതുകവും വ്യത്യസ്ത വായനാനുഭവവും ആണ് സമ്മാനിച്ചത്.ആ വായ്നാസ്മൃതികൾ ഒന്ന് കുറിച്ചിടാതെ കഴിയില്ലെന്ന മാനസികാവസ്ഥയിലേക്ക് ആ രചനകൾ അനുവാചകനെ എത്തിക്കുന്നു.

ചുറ്റുമുള്ളവരുടെ ഓരോ കുഞ്ഞു നോവിലും കണ്ണ് നിറയുന്ന എല്ലാം മായ്ക്കുന്ന കടലിലെ അപ്പു കഥാകൃത്തു തന്നെയാണ്.മുത്തച്ഛനോളം അപ്പുവിനെ മനസ്സിലാക്കിയ മറ്റൊരാളില്ല . അത് കൊണ്ട് തന്നെയാണ് കുഞ്ഞിന്റെ കണ്ണ് നിറയുന്നത് എന്തിനാണെന്ന് ആരും ചോദിക്കരുതെന്നു വിലക്കുന്നതും . "മുത്തച്ഛനും പുഴയും തനിക്കു മാത്രമുള്ളതാണെന്ന തോന്നും..രസമുള്ള  തോന്നലാണ്.പക്ഷേ തനിക്ക് മറ്റൊന്നുമില്ല ഇത് മാത്രമേയുള്ളൂ മറ്റാരുമില്ല എന്നു കൂടി തോന്നും " അപ്പുവിൻറെ കുഞ്ഞു കുഞ്ഞു സങ്കടങ്ങൾ കരഞ്ഞു തീർന്നു ഒരു നിറകൺചിരിയായി പരിണമിക്കുമെന്ന പ്രത്യാശയാണ്, ആ അന്വേഷണമാണ് ഓരോ കൃതിയും..

"പുഴ മുതൽ പുഴ വരെ" എന്ന കൃതിയിൽ ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലെ വിദ്യാഭാസം പശ്ചാത്തലം ഭംഗിയായി പ്രതിപാദിക്കുന്നു . "തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന വിദ്യാഭ്യാസം എന്നെ സ്വന്തം വാൽ വിഴുങ്ങാൻ വട്ടം തിരിയുന്ന ഇഴജന്തുവിന്റെ ഗതികേടിലെത്തിച്ചതിന്റെ സങ്കട സ്മൃതിയാണ് പുഴ മുതൽ പുഴ വരെയെന്നു " കഥാകാരന്റെ വാക്കുകൾ.. ഒരു ജീവിതകാലം മുഴുവൻ ഉണർവോടെ പഠിച്ച ഒരു തലമുറയ്ക്ക് വെച്ച് നീട്ടുവാൻ നമ്മുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല... "ആർക്കും ആവശ്യമില്ലാത്ത ഒരാൾ ..കുലത്തൊഴിലില്ല .പഠിച്ച വിദ്യ  ഉപയോഗിക്കാൻ അവസരമില്ല ..ജോലിക്കു മറ്റുള്ളവരുടെ ദയ വേണം ..അത് എവിടെയാണുള്ളതെന്നു അറിയില്ല ..ഉണ്ടെന്നു ഉറപ്പില്ല..അന്വേഷിച്ചിട്ടു കണ്ടെത്തുന്നില്ല..അന്വേഷിക്കാനുള്ള മനോവീര്യമില്ല " ഈ സങ്കടം ഉന്നതങ്ങളിൽ വേരുകളില്ലാത്ത, മതം പറഞ്ഞു ജോലി വീതം വെക്കുന്ന നമ്മുടെ മതേതര രാഷ്ട്രത്തിൽ ജനനം കൊണ്ട് മാത്രം അനർഹരാകുന്ന ഒരു കൂട്ടം അഭ്യസ്തവൈദ്യരുടെ ഇന്നത്തെയും എന്നെയത്തെയും സങ്കടമാണ്..

ശാസ്ത്രം ഇത്ര ഭംഗിയായി മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച കഥാകാരന്മാർ അധികം കാണില്ല. കുന്നിൻ ചെരുവിലെ ഗവേഷണ ശാലയിൽ ദൂരദർശിനിയിലൂടെ നക്ഷത്രങ്ങളെ അടുത്തറിയുന്ന സ്വപ്നം എന്നും ഊർജ്ജം പകര്ന്നു തന്നു. "സ്‌പന്ദ മാപിനികളെ നന്ദി " എന്ന  കൃതിയിൽ വിവരിക്കുന്ന  ഭൂമിയുടെ സ്പന്ദനങ്ങൾക്കു കാതോർത്തു നമുക്ക് പറഞ്ഞു തരുന്ന  യന്ത്രത്തിന്റെ സഹവാസം അദ്ഭു തമായി തോന്നി.. എങ്കിലും നക്ഷത്രങ്ങൾ കണ്ണ് ചിമ്മി ചിരിക്കുന്ന നമ്മെ വിട്ടു പിരിഞ്ഞ  പ്രിയപ്പെട്ടവരാണെന്ന സങ്കൽപ്പം മായ്ക്കാൻ മനസ്സ് മടിച്ചു നിന്നു ..ഈ ധർമ്മ സങ്കടം അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെ അറിയുക..  "സയൻസ് പഠിച്ച ഞാനും പാരമ്പര്യത്തിന്റെ തുടർച്ചയായ ഞാനും അവിഭാജ്യ ഇരട്ടകളായി അഹോരാത്രം എന്നിൽ തന്നെ പിണങ്ങി നിൽക്കുന്നത് എന്നെ കരയിച്ചു ..

ഗവേഷണ രംഗത്തെ നിഷ്ക്രിയത്വവും ശാസത്രം പഠിക്കാൻ ഭാഗ്യം ലഭിച്ചിട്ടും മേലധികാരികൾ അധികാരത്തിനും പ്രശസ്തിക്കും വേണ്ടി മേലധികാരികൾ കാണിക്കും അൽപ്പത്തരങ്ങളും ഇന്നും നമ്മുടെ ഗവേഷണ സ്ഥാപന ങ്ങൾക്കു അന്യമല്ല.."ആരെയും ചൂഷണം ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.. പക്ഷെ  ചെയ്യേണ്ടി വരുന്നതോ ..എനിക്കൊരു തൊഴിലുണ്ടെങ്കിലും അത് മനുഷ്യർക്ക് ഭൗതികമായി ഉപയോഗപ്രദമായ ഫലമുളവാക്കുന്ന ഒന്നല്ല..മാസങ്ങളായി ആ പണി പോലും ചെയ്യാതെ ഞാൻ ശമ്പളം വാങ്ങുന്നു ..ശരിയായ ചൂഷണം.." ഈ മാനസിക സംഘർഷങ്ങൾ "പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും " ഭംഗിയായി പകർത്തുന്നു ..ഒപ്പം ശാസ്ത്രത്തിനു വേണ്ടി ഒന്നും ചെയ്യാത്ത കുറെ ശാസ്ത്രജ്ഞന്മാരുടെ ജീവിതവും...

ശാസ്ത്രത്തിനു കഴിയാത്തതു മനുഷ്യ വിപ്ലവത്തിന് സാധിക്കും എന്ന പ്രത്യാശയാണ് "മുൻപേ പറക്കുന്ന പക്ഷികൾ "..ഒരു തലമുറയുടെ വിപ്ലവവീര്യത്തിനു ഉണർവ്വ് കൊടുത്ത് ഊര്മിളയും അർജുനനുമാണ് ..
"മുൻപേ മുൻപേ പറന്നു പോയവർക്കും നമുക്കുമിടയിൽ എത്രയാണ് ദൂരം ? സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്നത്ര ഉയരെ അകലെ വെറും പുള്ളിക്കുത്തുകളായി എത്ര പേരാണ് ആരെല്ലാമാണ് ശാന്തരായി ദൃഢഗാത്രരായി തളരാത്ത ചിറകുകൾ വീശി പറന്നു കൊണ്ടിരിക്കുന്നത് ?  എന്നാണ് നാം കൂട്ടച്ചിറകടിയുടെ ഉത്സാഹത്തിമിർപ്പോടെ അവരെ അനുഗമിക്കുക ? "
അനുവാചകന് എങ്ങനെ പറന്നുയരാതിരിക്കാൻ കഴിയും ഈ ചിറകടിയോടൊത്തു ? ഈ ആസ്വാദനകുറിപ്പും സാക്ഷ്യപ്പെടുത്തുന്നത് മറ്റൊന്നല്ല...

മുഖകവചങ്ങൾ

 

മുഖകവചങ്ങൾ  നമുക്കു  സമ്മാനിച്ചത് പലതാണ് . ഇത്തിരി  തത്വം  പറഞ്ഞു തുടങ്ങിയാൽ ഈ  നാനാവിധ ജീവജാലങ്ങളുള്ള അണ്ഡകടാഹത്തിൽ (കടം : ബഷീറിക്ക ക്ഷമി : വാക് ദാരിദ്ര്യo) എല്ലാവരും ഉണ്ടെന്നു  വെറുതേ തോന്നുമെങ്കിലും ഓരോരുത്തരും ഒറ്റക്കൊറ്റക്കാണെന്ന ഓർമ്മപ്പെടുത്തൽ ... 

പിന്നെ നമ്മുടെ നാട്ടിലുള്ള കണ്ണുകളുടെ സൗന്ദര്യം, വൈവിധ്യം, അനന്തത , നീലിമ ..ഇവയെ കുറിച്ചുള്ള അവബോധം ..

ഈ കണ്ണുകളുടെ ആഴത്തിലേക്കു നോക്കി മനസ്സ് വായിക്കാനുള്ള ഉദാത്തമായ അവസരമാണ് തുറന്നു കിട്ടിയത് .. മനോഹരമാണ് ആ ഭാഷ ..കളളമില്ല ..ദ്വയാർത്ഥങ്ങൾ  ഇല്ല...എഴുതാപ്പുറങ്ങൾ ഇല്ല .... പക്ഷെ വല്ലാത്ത നിഗൂഡതയുണ്ട് ..ചുണ്ടുകളുടെ ഭാഷ മാത്രം വശമുള്ളവർ ഇനി ഈ നയന ഭാഷ പരിജ്ഞാനം  നേടേണ്ടിയിരിക്കുന്നു ..വേഗം ..

പിന്നെ കൊഴിഞ്ഞു വീണത് ചിലരുടെയൊക്കെ അഹങ്കാരമാണ് ..ഇത്തിരി പൊങ്ങി നിൽക്കുന്ന പല്ലുകൾ ഒളിച്ചു വെക്കാൻ കഷ്ട്ടപെട്ടു മാമുക്കോയ  ചിരി ചിരിച്ചവരെ കല്ലെറിഞ്ഞ കുറെയേറെ പേർ ഇവിടെയുണ്ട് ..വടിവൊത്ത വെളുത്ത പല്ലു കാട്ടി സുഹാസിനിച്ചിരി ചിരിച്ച കുറച്ചു പേർ ... ആ മുല്ലപ്പൂ പല്ലുകൾ കാട്ടിയുള്ള ചിരി ഇനി വീട്ടിലെ കണ്ണാടിക്കു മാത്രം സ്വന്തം...... അവരിൽ ഒരാൾ ആവാതിരുന്നതിന്റെ   ചാരിതാർത്യം പിന്നെയും ബാക്കി 😊

സൗന്ദര്യത്തിന്റെ നിർവ്വചനം തന്നെ മാറിയില്ലേ .."മൂക്കില്ലേ  ...മൂക്കുണ്ട് ..പക്ഷെ നിന്നെ പോലെ ഓഞ്ഞ മൂക്കല്ല ..."... ഇനി എന്ത് മൂക്കുണ്ടായിട്ടെന്താണ്... നാലാളെ കാണിക്കാൻ പറ്റ്റ്വോ ... മൂക്കുത്തി കാണാതെ തപ്പി നടന്നവരൊക്കെ തിരച്ചിൽ മതിയാക്കി ...ലിപ്സ്റ്റിക്ക് കച്ചവടക്കാരും മൂക്കുത്തി കച്ചവടക്കാരും പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്രയായി..

ഇനി പുരികവും കണ്ണും മുടിയുമാണ് ആകെയുള്ള പ്രതീക്ഷ..

സൗന്ദര്യം ഇല്ല എന്ന അപകർഷതാ ബോധം പേറി നടന്നവർക്കു ഇതൊരു സുവർണാവസരമാണ് .. മുഖത്തിന്റെ മുക്കാൽ ഭാഗവും മൂടി കഴിഞ്ഞാൽ പിന്നെ ശ്രീനിവാസനും മമ്മുക്കയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല....

അങ്ങനെ നോക്കിയാൽ ഈ മുഖ കവചങ്ങൾ വ്യക്തിത്വ വികസനത്തിന് ഒരു പാട് സംഭാവനകൾ നല്കുന്നുണ്ട്... ഇതൊക്കെ നമ്മൾ കാണാതെ പോകരുത് ...