WFH സിൻഡ്രോം

 

"മോളെ , മിക്സി ഓൺ ചെയ്യട്ടെ ? " ചെവിക്കു പിന്നിൽ ഒരു മന്ത്രണം... ഓൺലൈൻ മീറ്റിംഗിൽ  നടന്ന സംഭവവികാസങ്ങളുടെ ഞെട്ടലിൽ മീറ്റിംഗ് അവസാനിച്ചിട്ടും ഹെഡ്‍ഫോൺ അഴിച്ചു വെക്കാതെ ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ. മീറ്റിംഗ് കഴിഞ്ഞിട്ടില്ലെന്ന് കരുതിയാണ് അമ്മ അടക്കിപ്പിടിച്‌ ഈ  അഭ്യർത്ഥന നടത്തിയത് . ഈയിടെയായി ഇവിടെ ഇങ്ങനെയാണ്. അംഗവിക്ഷേപങ്ങളാണ് കൂടുതൽ , അല്ലെങ്കിൽ അടക്കിപ്പിടിച്ച സ്വകാര്യങ്ങൾ ..നിശബ്ദമായി തുമ്മാനും ചുമക്കാനും എല്ലാവരും പഠിച്ചിരിക്കുന്നു.. അതിനു കാരണമുണ്ട് ..ഞാനും അനിയനും ഞങ്ങളുടെ കർമ്മമണ്ഡലം വീട്ടിലേക്കു മാറ്റിയിരിക്കുന്നു ...

ഞങ്ങളുടെ ഇരിപ്പും ഭാവവും ഒക്കെ കണ്ടാൽ അഞ്ചു നിമിഷം ലാപ്ടോപിന്റെ മുന്നിൽ നിന്നും എഴുന്നേറ്റാൽ കമ്പനിയുടെ സൂചിക താഴേക്കു ഇടിഞ്ഞു അതിനിടയിൽ കിടന്നു ഈ ഭൂലോകം മുഴുവൻ ചതഞ്ഞു പോകുമെന്ന് തോന്നും. ദിവസം മുഴുവൻ മീറ്റിംഗുകൾക്കായി അടിയറ വെച്ചിരിക്കുകയാണ് ... അതിനിടയിൽ പരിസരത്തു നിന്നും ഉയർന്നേക്കാവുന്ന ഒരോ സ്വന തരംഗത്തെയും  ഞങ്ങൾ ഭീഷണിപ്പെടുത്തി അടക്കി നിർത്തും . നാളികേരം അരച്ചുള്ള കറി അത് കൊണ്ട് തന്നെ ഇപ്പോൾ വാരാന്ത്യങ്ങളിലെ മാത്രം ആർഭാടമാണ് ..പിന്നെ ഇന്നിപ്പോൾ എന്താണാവോ ഇങ്ങനെ ഒരാവശ്യം ?

പത്തുമണിക്ക് സൈക്കിളിലിൽ "അയല മത്തി ചൂര " പാടി ആഘോഷപൂര്വ്വം മീൻ വിക്കാൻ  വരുന്ന വാസുവേട്ടനോടും ഞങ്ങൾ ചട്ടം കെട്ടിയിട്ടുണ്ട് . ഒരു silent zone  ബോർഡ് ഗേറ്റിൽ തൂക്കിയാലോ എന്നും ഞങ്ങൾ ഗൗരവതരമായി ആലോചിക്കുന്നുണ്ട്..വീടിനടുത്തെ ഇടവഴിയിൽ വന്നു ആരവപൂർവം പന്ത് കളിച്ചിരുന്ന കുട്ടിക്കൂട്ടത്തെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയതിന്റെ ഒരു മുഷിപ്പ് അയൽക്കാർക്ക് പൊതുവെ ഉണ്ട് ..

ബന്ധു മിത്രാദികളും ദേഷ്യത്തിലാണ് .. അച്ഛന്റെയും അമ്മയുടെയും ഫോണിൽ വരുന്ന വിളികളെല്ലാം നിർദ്ദാക്ഷ്യണ്യം  നിരസിക്കുകയാണ് രണ്ടു പേരും. മക്കളുടെ ഔദ്യോഗിക ജീവിതം പച്ച പിടിച്ചു കാണാൻ കണ്ണ് നട്ടു കാത്തിരുന്നവരാണ് ഇരുവരും..ഇതിലും വലിയൊരു അഭിമാനം അവർക്കു പറഞ്ഞറിയിക്കാനില്ല. ഫോൺ സംഭാഷണം അനുവദനീയമായ ദിവസങ്ങളിൽ ചിലപ്പോൾ ആരോടെങ്കിലും ഒക്കെ പറയുന്നത് കേൾക്കാം "മക്കൾക്ക് വളരെ ഉത്തരവാദിത്വമുള്ള ജോലിയാണ്.. അവരില്ലാതെ കമ്പനിയിലെ കാര്യങ്ങൾ ഒന്നും മുന്നോട്ടു പോകില്ലെന്ന് " അത് കേൾക്കുമ്പോൾ ഞാൻ മനസ്സാ ചിരിക്കും.

സീരിയലും വാർത്തകേൾക്കലും പൂർണ്ണമായി നിരോധിച്ചു...അല്ലെങ്കിൽ, ഞങ്ങൾക്ക് വേണ്ടി അവർ സസന്തോഷം അതെല്ലാം മാറ്റി വെച്ചു . അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റ പണികൾ പോലും വാരാന്ത്യത്തിലേക്കു മാറ്റി വെച്ചു. അങ്ങനെ ശബ്ദങ്ങൾക്ക് ശാസനയോ കണ്ണുരുട്ടലോ ഒക്കെയായി പിഴ ഈടാക്കി ജീവിതം മുന്നോട്ടു പോവുകയായിരുന്നു ..

അങ്ങനെ ഇരിക്കെയാണ് അച്ഛനിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത് .. എന്തോ ഒരു അസ്വാഭാവികത.ശനിയും ഞായറും പോലും അച്ഛന് മിണ്ടാട്ടമില്ല , എന്ന് മാത്രമല്ല ആരെയും ഉറക്കെ സംസാരിക്കാൻ സമ്മതിക്കുന്നില്ല . അടുക്കളയിൽ മിക്സി ഓൺ ചെയ്താൽ ഓടി പോയി ഓഫ് ആക്കും..ഫോൺ പാടെ ഉപേക്ഷിച്ചു .അയൽക്കാരോടും സന്ദര്ശകരോടും അംഗവിക്ഷേപം മാത്രം . ഞങ്ങൾ അച്ഛനെയും കൂട്ടി ഡോക്ടറുടെ അരികിൽ എത്തി . പഠനത്തിന് പുതിയൊരു മേച്ചില്പുറം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഡോക്ടർ . ആരും ഇത് വരെ പോകാത്ത വഴികളിലൂടെ പോകാൻ കൊതിക്കുന്ന ആളാണെന്നു ആ ഉത്സാഹം കണ്ടപ്പോൾ തോന്നി . കഥകൾ മുഴുവൻ കേട്ട് ഡോക്ടർ ഞങ്ങളെ സമാധാനിപ്പിച്ചു . പേടിക്കേണ്ട എല്ലാം പതുക്കെ ശരിയാകും എന്ന് പറഞ്ഞു . ഒരു മാസത്തേക്ക് കഴിക്കാനുള്ള മരുന്നിന്റെ കുറിപ്പടിയും  വാങ്ങിച്ചു ഇറങ്ങുമ്പോൾ ഞങ്ങൾ കുറ്റബോധത്തോടെ പരസ്പരം നോക്കി ....





നിറകൺചിരിയോടെ (ഒരു ആസ്വാദന കുറിപ്പ് )

"കടൽ മനസ്സിലിരമ്പുന്നു .. അവിടെ വാക്കുകൾക്ക് പ്രസക്തിയില്ല ..കരച്ചിലിനു  നിയമങ്ങളില്ല" . മനസ്സിലിരമ്പുന്ന കടലിൽ നിന്നും നിറകൺചിരിയോടെ  ഓരോ തുള്ളി പകർന്നു തന്ന കഥാകൃത്ത് : സി രാധാകൃഷ്ണൻ . "എല്ലാം മായ്ക്കുന്ന കടലിൽ" തുടങ്ങി  "ഇനിയൊരു നിറകൺചിരി" യിൽ അവസാനിക്കുന്ന നോവൽ പരമ്പരയിലൂടെ നാം അടുത്തറിഞ്ഞ ശാസ്ത്രജ്ഞനായ  എഴുത്തുകാരൻ . ഓരോ കൃതിയും സൃഷ്ടിക്കുന്നത് ഓരോ സങ്കടത്തിന്റെ അറുതിക്കാണെന്നു   "ഇനിയൊരു നിറകൺചിരി" യുടെ ആമുഖത്തിൽ അദ്ദേഹം പറയുന്നു.അങ്ങനെയെങ്കിൽ പ്രിയ കഥാകൃത്തിന്റെ സങ്കടങ്ങൾ തീരാതിരിക്കട്ടെ എന്ന് സാഹിത്യ കുതുകികൾ അറിയാതെ മോഹിച്ചു പോകുന്നു.പാരമ്പര്യത്തെയും ആചാരങ്ങളെയും മുറുകെ പിടിച്ച ഒരു തലമുറയെയും ശാസ്ത്രം ശീലിച്ചു പോയ പുതിയ തലമുറയെയും ബന്ധിപ്പിക്കുന്ന ഒറ്റയടി പാതയിലൂടെ സസൂക്ഷ്മം യാത്ര തുടങ്ങിയത് സി രാധാകൃഷ്ണൻ ആണെന്ന് നിസ്സംശയം പറയാം. നല്ല വടിവൊത്ത കയ്യൊപ്പോടു കൂടിയ അദ്ദേഹത്തിന്റെ നോവലുകൾ എന്നും കൗതുകവും വ്യത്യസ്ത വായനാനുഭവവും ആണ് സമ്മാനിച്ചത്.ആ വായ്നാസ്മൃതികൾ ഒന്ന് കുറിച്ചിടാതെ കഴിയില്ലെന്ന മാനസികാവസ്ഥയിലേക്ക് ആ രചനകൾ അനുവാചകനെ എത്തിക്കുന്നു.

ചുറ്റുമുള്ളവരുടെ ഓരോ കുഞ്ഞു നോവിലും കണ്ണ് നിറയുന്ന എല്ലാം മായ്ക്കുന്ന കടലിലെ അപ്പു കഥാകൃത്തു തന്നെയാണ്.മുത്തച്ഛനോളം അപ്പുവിനെ മനസ്സിലാക്കിയ മറ്റൊരാളില്ല . അത് കൊണ്ട് തന്നെയാണ് കുഞ്ഞിന്റെ കണ്ണ് നിറയുന്നത് എന്തിനാണെന്ന് ആരും ചോദിക്കരുതെന്നു വിലക്കുന്നതും . "മുത്തച്ഛനും പുഴയും തനിക്കു മാത്രമുള്ളതാണെന്ന തോന്നും..രസമുള്ള  തോന്നലാണ്.പക്ഷേ തനിക്ക് മറ്റൊന്നുമില്ല ഇത് മാത്രമേയുള്ളൂ മറ്റാരുമില്ല എന്നു കൂടി തോന്നും " അപ്പുവിൻറെ കുഞ്ഞു കുഞ്ഞു സങ്കടങ്ങൾ കരഞ്ഞു തീർന്നു ഒരു നിറകൺചിരിയായി പരിണമിക്കുമെന്ന പ്രത്യാശയാണ്, ആ അന്വേഷണമാണ് ഓരോ കൃതിയും..

"പുഴ മുതൽ പുഴ വരെ" എന്ന കൃതിയിൽ ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലെ വിദ്യാഭാസം പശ്ചാത്തലം ഭംഗിയായി പ്രതിപാദിക്കുന്നു . "തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന വിദ്യാഭ്യാസം എന്നെ സ്വന്തം വാൽ വിഴുങ്ങാൻ വട്ടം തിരിയുന്ന ഇഴജന്തുവിന്റെ ഗതികേടിലെത്തിച്ചതിന്റെ സങ്കട സ്മൃതിയാണ് പുഴ മുതൽ പുഴ വരെയെന്നു " കഥാകാരന്റെ വാക്കുകൾ.. ഒരു ജീവിതകാലം മുഴുവൻ ഉണർവോടെ പഠിച്ച ഒരു തലമുറയ്ക്ക് വെച്ച് നീട്ടുവാൻ നമ്മുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല... "ആർക്കും ആവശ്യമില്ലാത്ത ഒരാൾ ..കുലത്തൊഴിലില്ല .പഠിച്ച വിദ്യ  ഉപയോഗിക്കാൻ അവസരമില്ല ..ജോലിക്കു മറ്റുള്ളവരുടെ ദയ വേണം ..അത് എവിടെയാണുള്ളതെന്നു അറിയില്ല ..ഉണ്ടെന്നു ഉറപ്പില്ല..അന്വേഷിച്ചിട്ടു കണ്ടെത്തുന്നില്ല..അന്വേഷിക്കാനുള്ള മനോവീര്യമില്ല " ഈ സങ്കടം ഉന്നതങ്ങളിൽ വേരുകളില്ലാത്ത, മതം പറഞ്ഞു ജോലി വീതം വെക്കുന്ന നമ്മുടെ മതേതര രാഷ്ട്രത്തിൽ ജനനം കൊണ്ട് മാത്രം അനർഹരാകുന്ന ഒരു കൂട്ടം അഭ്യസ്തവൈദ്യരുടെ ഇന്നത്തെയും എന്നെയത്തെയും സങ്കടമാണ്..

ശാസ്ത്രം ഇത്ര ഭംഗിയായി മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച കഥാകാരന്മാർ അധികം കാണില്ല. കുന്നിൻ ചെരുവിലെ ഗവേഷണ ശാലയിൽ ദൂരദർശിനിയിലൂടെ നക്ഷത്രങ്ങളെ അടുത്തറിയുന്ന സ്വപ്നം എന്നും ഊർജ്ജം പകര്ന്നു തന്നു. "സ്‌പന്ദ മാപിനികളെ നന്ദി " എന്ന  കൃതിയിൽ വിവരിക്കുന്ന  ഭൂമിയുടെ സ്പന്ദനങ്ങൾക്കു കാതോർത്തു നമുക്ക് പറഞ്ഞു തരുന്ന  യന്ത്രത്തിന്റെ സഹവാസം അദ്ഭു തമായി തോന്നി.. എങ്കിലും നക്ഷത്രങ്ങൾ കണ്ണ് ചിമ്മി ചിരിക്കുന്ന നമ്മെ വിട്ടു പിരിഞ്ഞ  പ്രിയപ്പെട്ടവരാണെന്ന സങ്കൽപ്പം മായ്ക്കാൻ മനസ്സ് മടിച്ചു നിന്നു ..ഈ ധർമ്മ സങ്കടം അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെ അറിയുക..  "സയൻസ് പഠിച്ച ഞാനും പാരമ്പര്യത്തിന്റെ തുടർച്ചയായ ഞാനും അവിഭാജ്യ ഇരട്ടകളായി അഹോരാത്രം എന്നിൽ തന്നെ പിണങ്ങി നിൽക്കുന്നത് എന്നെ കരയിച്ചു ..

ഗവേഷണ രംഗത്തെ നിഷ്ക്രിയത്വവും ശാസത്രം പഠിക്കാൻ ഭാഗ്യം ലഭിച്ചിട്ടും മേലധികാരികൾ അധികാരത്തിനും പ്രശസ്തിക്കും വേണ്ടി മേലധികാരികൾ കാണിക്കും അൽപ്പത്തരങ്ങളും ഇന്നും നമ്മുടെ ഗവേഷണ സ്ഥാപന ങ്ങൾക്കു അന്യമല്ല.."ആരെയും ചൂഷണം ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.. പക്ഷെ  ചെയ്യേണ്ടി വരുന്നതോ ..എനിക്കൊരു തൊഴിലുണ്ടെങ്കിലും അത് മനുഷ്യർക്ക് ഭൗതികമായി ഉപയോഗപ്രദമായ ഫലമുളവാക്കുന്ന ഒന്നല്ല..മാസങ്ങളായി ആ പണി പോലും ചെയ്യാതെ ഞാൻ ശമ്പളം വാങ്ങുന്നു ..ശരിയായ ചൂഷണം.." ഈ മാനസിക സംഘർഷങ്ങൾ "പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും " ഭംഗിയായി പകർത്തുന്നു ..ഒപ്പം ശാസ്ത്രത്തിനു വേണ്ടി ഒന്നും ചെയ്യാത്ത കുറെ ശാസ്ത്രജ്ഞന്മാരുടെ ജീവിതവും...

ശാസ്ത്രത്തിനു കഴിയാത്തതു മനുഷ്യ വിപ്ലവത്തിന് സാധിക്കും എന്ന പ്രത്യാശയാണ് "മുൻപേ പറക്കുന്ന പക്ഷികൾ "..ഒരു തലമുറയുടെ വിപ്ലവവീര്യത്തിനു ഉണർവ്വ് കൊടുത്ത് ഊര്മിളയും അർജുനനുമാണ് ..
"മുൻപേ മുൻപേ പറന്നു പോയവർക്കും നമുക്കുമിടയിൽ എത്രയാണ് ദൂരം ? സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്നത്ര ഉയരെ അകലെ വെറും പുള്ളിക്കുത്തുകളായി എത്ര പേരാണ് ആരെല്ലാമാണ് ശാന്തരായി ദൃഢഗാത്രരായി തളരാത്ത ചിറകുകൾ വീശി പറന്നു കൊണ്ടിരിക്കുന്നത് ?  എന്നാണ് നാം കൂട്ടച്ചിറകടിയുടെ ഉത്സാഹത്തിമിർപ്പോടെ അവരെ അനുഗമിക്കുക ? "
അനുവാചകന് എങ്ങനെ പറന്നുയരാതിരിക്കാൻ കഴിയും ഈ ചിറകടിയോടൊത്തു ? ഈ ആസ്വാദനകുറിപ്പും സാക്ഷ്യപ്പെടുത്തുന്നത് മറ്റൊന്നല്ല...

മുഖകവചങ്ങൾ

 

മുഖകവചങ്ങൾ  നമുക്കു  സമ്മാനിച്ചത് പലതാണ് . ഇത്തിരി  തത്വം  പറഞ്ഞു തുടങ്ങിയാൽ ഈ  നാനാവിധ ജീവജാലങ്ങളുള്ള അണ്ഡകടാഹത്തിൽ (കടം : ബഷീറിക്ക ക്ഷമി : വാക് ദാരിദ്ര്യo) എല്ലാവരും ഉണ്ടെന്നു  വെറുതേ തോന്നുമെങ്കിലും ഓരോരുത്തരും ഒറ്റക്കൊറ്റക്കാണെന്ന ഓർമ്മപ്പെടുത്തൽ ... 

പിന്നെ നമ്മുടെ നാട്ടിലുള്ള കണ്ണുകളുടെ സൗന്ദര്യം, വൈവിധ്യം, അനന്തത , നീലിമ ..ഇവയെ കുറിച്ചുള്ള അവബോധം ..

ഈ കണ്ണുകളുടെ ആഴത്തിലേക്കു നോക്കി മനസ്സ് വായിക്കാനുള്ള ഉദാത്തമായ അവസരമാണ് തുറന്നു കിട്ടിയത് .. മനോഹരമാണ് ആ ഭാഷ ..കളളമില്ല ..ദ്വയാർത്ഥങ്ങൾ  ഇല്ല...എഴുതാപ്പുറങ്ങൾ ഇല്ല .... പക്ഷെ വല്ലാത്ത നിഗൂഡതയുണ്ട് ..ചുണ്ടുകളുടെ ഭാഷ മാത്രം വശമുള്ളവർ ഇനി ഈ നയന ഭാഷ പരിജ്ഞാനം  നേടേണ്ടിയിരിക്കുന്നു ..വേഗം ..

പിന്നെ കൊഴിഞ്ഞു വീണത് ചിലരുടെയൊക്കെ അഹങ്കാരമാണ് ..ഇത്തിരി പൊങ്ങി നിൽക്കുന്ന പല്ലുകൾ ഒളിച്ചു വെക്കാൻ കഷ്ട്ടപെട്ടു മാമുക്കോയ  ചിരി ചിരിച്ചവരെ കല്ലെറിഞ്ഞ കുറെയേറെ പേർ ഇവിടെയുണ്ട് ..വടിവൊത്ത വെളുത്ത പല്ലു കാട്ടി സുഹാസിനിച്ചിരി ചിരിച്ച കുറച്ചു പേർ ... ആ മുല്ലപ്പൂ പല്ലുകൾ കാട്ടിയുള്ള ചിരി ഇനി വീട്ടിലെ കണ്ണാടിക്കു മാത്രം സ്വന്തം...... അവരിൽ ഒരാൾ ആവാതിരുന്നതിന്റെ   ചാരിതാർത്യം പിന്നെയും ബാക്കി 😊

സൗന്ദര്യത്തിന്റെ നിർവ്വചനം തന്നെ മാറിയില്ലേ .."മൂക്കില്ലേ  ...മൂക്കുണ്ട് ..പക്ഷെ നിന്നെ പോലെ ഓഞ്ഞ മൂക്കല്ല ..."... ഇനി എന്ത് മൂക്കുണ്ടായിട്ടെന്താണ്... നാലാളെ കാണിക്കാൻ പറ്റ്റ്വോ ... മൂക്കുത്തി കാണാതെ തപ്പി നടന്നവരൊക്കെ തിരച്ചിൽ മതിയാക്കി ...ലിപ്സ്റ്റിക്ക് കച്ചവടക്കാരും മൂക്കുത്തി കച്ചവടക്കാരും പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്രയായി..

ഇനി പുരികവും കണ്ണും മുടിയുമാണ് ആകെയുള്ള പ്രതീക്ഷ..

സൗന്ദര്യം ഇല്ല എന്ന അപകർഷതാ ബോധം പേറി നടന്നവർക്കു ഇതൊരു സുവർണാവസരമാണ് .. മുഖത്തിന്റെ മുക്കാൽ ഭാഗവും മൂടി കഴിഞ്ഞാൽ പിന്നെ ശ്രീനിവാസനും മമ്മുക്കയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല....

അങ്ങനെ നോക്കിയാൽ ഈ മുഖ കവചങ്ങൾ വ്യക്തിത്വ വികസനത്തിന് ഒരു പാട് സംഭാവനകൾ നല്കുന്നുണ്ട്... ഇതൊക്കെ നമ്മൾ കാണാതെ പോകരുത് ...


അസുരവിത്ത്‌  (എം  ടി)

ഒരിക്കൽ നഷ്ട്ടപെട്ടതെല്ലാം തിരിച്ചു വരുമെന്നു ആശിക്കാൻ അയാൾക്ക്‌ ധൈര്യമില്ലായിരുന്നു .......
............................

ഓലക്കുടയുടെ താഴെ പലകപ്പുറത്തു വെച്ച മാവേലിയെയും മക്കളേയും എടുത്തു തൊഴുത്തിൻ തറയിലേക്കു മാറ്റി വെച്ചപ്പോൾ ഗോവിന്ദൻകുട്ടി വിചാരിച്ചു: ഒരോണം കൂടി കഴിഞ്ഞു.
കുട്ടിക്കാലത്തു  പറയാനാവാത്ത ദുഖത്തോടെയാണ്  മാവേലിയെ എടുത്ത് ഇടാറ്. ഇനി ഒരു കൊല്ലം കാത്തിരിക്കണമല്ലോ സമൃദ്ധിയുടെ ദിവസങ്ങൾ വരാൻ! ഇപ്പോൾ ദുഖമില്ല. ഉത്രാടത്തിൻ നാൾ മണ്ണു കുഴയ്ക്കുമ്പോൾ സന്തോഷവും തോന്നിയിരുന്നില്ല.........

.......................................

ജാലകത്തിന് അടുത്തേക്കു നീങ്ങി മഴവെള്ളത്തിൽ കുതിർന്ന ഇരുമ്പഴികൾ മരവിച്ച വിരലുകൾക്കിടയിൽ ഞെരുക്കിപ്പിടിച്ചുകൊണ്ടു നില്ക്കെ കണ്ണുകൾ നനയുന്നുണ്ടെന്നു തോന്നി. ആരേയും കുറ്റപ്പെടുത്തുന്നില്ല.
 നിനക്കിതു കിട്ടണം........
പുറത്തു മഴചാറലിനു വീണ്ടും ജീവൻ വെക്കാൻ തുടങ്ങിയിരുന്നു... സമയം നീങ്ങിയതറിഞ്ഞില്ല. ഓർമ്മയുടെ  ചുഴിക്കുത്തിൽ മനസ്സു ഒഴുകിയെത്തിയ ഓലതുരുമ്പുകൾ പോലെ ചുറ്റിത്തിരിഞ്ഞു നിന്നു...........
നിശബ്ദദയുടെയും  നരച്ച നിറങ്ങളുടെയും ഭാരവുമായാണ്  ആ പുളിമരതോപ്പിൽ എത്തിയത് . പ്രൗഡ ഗം ഭീരമായ കോ ളേ ജ് ക്യാമ്പസ്സിന്റെ ഒരു മൂലയിൽ ആരെയും കാണാൻ കൂട്ടാക്കാതെ ഒളിച്ചിരിക്കുന്ന ഒരു പുളിമരത്തോപ്പ്‌ ..അതിനുള്ളിൽ ഞങ്ങൾ ദുരിതാ ശ്വാസ ക്യാംപ് എന്ന് കളിയാക്കി വിളിക്കുന്ന ഒരു പഞ്ചപുരാതന ക്ലാസ്സ് മുറി ..അവിടെയെത്തിയ ഓരോ കഥാപാത്രത്തിനും എന്തെങ്കിലുമൊക്കെ സവിശേഷത  അവകാശപ്പെടാനുണ്ടായിരുന്നു ..പറയാൻ ഞങ്ങൾക്കു എന്തെങ്കിലും എപ്പോഴും ഉണ്ടായിരുന്നു ..
രണ്ടു വലിയ പൈപ്പുകൾ ഇരിപ്പിടമൊരുക്കി   ക്ലാസിനു അരികിൽ നീണ്ടു നിവർന്നു കിടന്നിരുന്നു . ഇലക്ട്രോണിക്സ്  സ്റ്റാഫ്‌ മുറിയിൽ  നിന്ന് ക്ലാസ്സിലേക്കു ഒരു 5 മിനിട്ട് ദൂരമുണ്ട് . സർ ഒരു കുടയുടെ അകമ്പടിയോടെയാണ് എത്തുക .കുട പൊങ്ങിയും താണും വരുന്നതു കണ്ടാൽ ദേഷ്യമാണ് . മനസ്സില്ലാമനസ്സോടെ ആട്ടിടയന്റെ കുഞ്ഞാടുകളെ  പോലെ  ക്ലാസ്സിലേക്ക് കയറും . പിന്നെ കുറച്ചു നേരം electron  ൻറെയും hole inteyum  യാത്രാ  പഥങ്ങളിലൂടെ ഒരു പ്രദക്ഷിണം ...ആ യാത്രയിൽ ഇഷ്ട്ടമുള്ളവർക്ക്  സാറിനെ  പിന്തുടരാം ....അല്ലാത്തവർ കടിഞ്ഞാണ്‍ അഴിച്ചുവിട്ട  മനസ്സിനെ പിന്തുടർന്ന്  അങ്ങനെ അങ്ങനെ ......

 നിസ്സംശയം പറയാം ....സഞ്ചരിച്ച വഴികളിൽ ഇനിയും ഒന്ന് തിരിച്ചു പോകണം എന്ന് തോന്നുന്നതു ഈ പുളിമരതോപ്പിലേക്ക്  മാത്രം 


"For a long time I was still - I was not thinking of the beads in my lap , but trying to find a meaning for "love" in the light of this new idea.The sun had been under a cloud all day , and there had been brief showers, but suddenly the sun broke forth in all its southern splendor.

Again I asked my teacher , "Is this not love ?"

"Love is something like the clouds that were in the sky before the sun came out". she replied.Then in simpler words than these , she explained:"You cannot touch the clouds, you know;but you feel the rain and know how glad the flowers and the thirsty earth are to have it after a hot day.You cannot touch love either; but you feel the swetness that it pours in to everything."

The story of my Life (Helen Keller)

Favourite Quotes

"Spring has past , summer has gone and winter is here. And the song I meant to sing remains unsung.I have spent my days stringing and unstringing my instrument"
unknown author

നന്ദി (ഓ എന്‍ വി )

"നന്ദി ! നീ നൽകാൻ ‍ മടിച്ച പൂച്ചെണ്ടുകൾ ‍ -
ക്കെന്റെ  വിളക്കിലെരിയാത്ത ജ്വാലകൾ ‍ -
ക്കെൻ ‍ മണ്ണിൽ ‍ വീണൊഴുകാത്ത മുകിലുകൾ  -
ക്കെന്നെ തഴുകാതെ , എന്നിൽ ‍ തളിർക്കാതെ -
എങ്ങോ മറഞ്ഞൊരു ഉഷസ്സന്ധ്യകൾക്കെന്റെ 
കണ്ണിലുടഞ്ഞ കിനാവിൻ ‍ കുമിളകൾ  -
ക്കെല്ലാം - എനിക്ക് നീ നൽകാൻ  ‍ മടിച്ചവക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ , നന്ദി ! നന്ദി !"
നന്ദി (ഓ ൻ വി )

"കടൽ ‍ മനസ്സിലിരമ്പുന്നു. ആ ഇരമ്പത്തിൽ   വാക്കുകൾക്ക്  പ്രസക്തിയില്ല .
കരച്ചിലിന് നിയമങ്ങളില്ല ..."
പുഴ മുതല്‍ പുഴ വരെ (സി രാധാകൃഷ്ണന്‍ )
"കർണ്ണന്  ഇനി പിന്മാറ്റമില്ല ! എന്നാൽ ‍ നീ ഇന്ന് കാണിച്ച സ്നേഹവും അഭ്യുദയകാംക്ഷവും എന്നിൽ ‍ എന്നും ജീവിക്കും .യുദ്ധം മുൻപിൽ ‍ തന്നെ നിൽ‍ക്കുന്നു. ജയാപജയങ്ങൾ ‍ അതിന്റെ പിന്നിൽ  എവിടെയോ പതിഞ്ഞു വർത്തിക്കുന്നു . ജയാപജയങ്ങൾ  ഗൗനിക്കാതെ , മരണ ഭയം കൂടാതെ സുയോധനനു വേണ്ടി എന്‍റെ സ്വന്തം അനുജന്മാരുമായി ഞാൻ  യുദ്ധം ചെയ്യും. സ്വന്തം ഭ്രാതാക്കളോടും അഭ്യുദയകാംക്ഷിയും സ്വജനവുമായ നിന്നോടും ജീവൻ ‍ മറന്നു ഞാൻ ‍ യുദ്ധം ചെയ്യും . ആ യുദ്ധത്തിൽ  അർജ്ജു നശരമേറ്റ് കർണ്ണൻ  എന്ന് ഭൂമിയിൽ ‍ വീഴുന്നുവോ , കൃഷ്ണാ , അന്നാണ് പാണ്ഡവർ ‍ യുദ്ധം ജയിക്കുക "
ഇനി ഞാൻ  ഉറങ്ങട്ടെ (പി കെ ബാലകൃഷ്ണൻ)

പ്രേമലേഖനം (ബഷീര്‍ )

"പ്രിയപ്പെട്ട സാറാമ്മേ ,
ജീവിതം യൗവന തീക്ഷണവും ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു ?
ഞാനാണെങ്കിൽ  - എന്‍റെ ജീവിതത്തിലെ നിമിഷങ്ങൾ ‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ ‍ കഴിക്കുകയാണ് . സാറാമ്മയോ ?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ ‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ,
സാറാമ്മയുടെ കേശവൻ നായർ   "

വെറുതെ ( ഓ . എന്‍ . വി )

ഒടുവിലീ വാഴ്വിന്റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം :'വെറുതെ ' ...
ഒടുവിലീ താളിലെന്‍ ശേഷ പത്രം
ഒരു വാക്കില്‍ ഞാന്‍ എഴുതാം : 'വെറുതെ ' ...
ഗതകാല സ്മ്രിതികള്‍ ച്ചുരന്നിടുന്ന
മധുരവും കയ്പ്പും കവര്‍്പ്പുമെല്ലാം
ഒരുപോലെയൊടുവില്‍ സ്വാദിഷ്ട്ടമായി
വെറുതെ നുണഞ്ഞു നുണഞ്ഞിരിക്കെ,
മിഴിമുനയൊന്നു നനഞ്ഞുവെങ്കില്‍ ,
മൊഴികള്‍ മൌനത്തില്‍ കുടുങ്ങിയെങ്കില്‍ ,
നിമിഷത്തിന്‍ ചിറകൊച്ച കേട്ടുവെങ്കില്‍ ,
ഹൃദയത്തിന്‍ താളമിടഞ്ഞുവെങ്കില്‍ ,
വ്യഥകള്‍ നിദാനം അറിഞ്ഞിടാത്ത
കദനങ്ങള്‍ ചേക്കേറാന്‍ വന്നുവെങ്കില്‍ ,
എവിടെയോ ചൂള മരങ്ങള്‍ കാറ്റിന്‍
ചെകിടില്‍ എന്തോ ചൊല്ലി തേങ്ങും പോലെ,


ബധിരനാം കാലത്തിന്‍ കാതിലെന്റെ
ഹൃദയം നിമന്ത്രിപ്പതും "വെറുതെ " ......
ഒടുവിലീ വാഴ്വിന്റെ ബാക്കിപത്രം

ഒരു വാക്കില്‍ ഞാന്‍ കുറിക്കാം 'വെറുതെ' ..
വെറുതെ ( ഓ . എന്‍ . വി )
Quotes
"Yesterday is but today's memory and tomorrow is today's dream"

"I have learnt silence from the talkative , toleration from the intolerant and kindness from the unkind ; yet , strange Iam ungrateful to those teachers "

"To be able to look back upon ones life with satisfaction , is to live twice "
(Kahlil Gibran)
ചിന്നി ചിതറി നുറുങ്ങിയെന്‍ ഓര്‍മ്മകള്‍
നുള്ളിയെടുത്തൊരു മാല കോർത്തീടവേ  ..
ഓര്മ്മകള്‍ക്കിത്രമേല്‍ സൗരഭ്യമേകിയ
നിന്നെ ഞാനിന്നു മറക്കുവതെങ്ങിനെ...
എന്‍ മിഴിയില്‍ നീ അന്ന് തെളിയിച്ച
മണ്‍ വിളക്കിന്റെ ഇത്തിരി വെട്ടവും...
അരികത്തു വന്നെന്നാല്‍ ഇടനെഞ്ഞില്‍ പിടയുന്ന
മാടപ്പിറാവിന്റെ ചിറകടിയൊച്ചയും....
പറയാത്ത മൊഴികള്‍ കുടഞ്ഞിട്ട കവിതയും ..
ഒഴുകാത്ത സ്നേഹം തങ്ങിയ മിഴികളും ..
പിന്നെ പിരിയാന്‍ മടിച്ചന്നു കണ്ണോരം
ചേര്‍ന്ന് നിന്നൊരു കുഞ്ഞു നീര്‍്തുള്ളിയും
എന്തേ ഈ ഓര്‍മ്മകള്‍ക്ക് എന്നും
മധുര പതിനേഴു പ്രായം .......

സ്വയം കൃതി :-)
"ഇവിടെ അമ്പാടിതന്‍ ഒരു കോണില്‍
അരിയമണ്‍ കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെ അറിയില്ല ....
നിപുണയാം തോഴി വന്നെന്‍ പ്രേമ ദുഖങ്ങള്‍
അവിടുത്തോട്‌ ഓതിയിട്ടില്ല ..
കൃഷ്ണാ നീയെന്നെ അറിയില്ല ...
ആരോരുമറിയാതെ നിന്നെയെന്‍ ഉള്ളില്‍ വെച്ച്
ആത്മാവ് കോടി അർചിച്ചു ..
പോരൂ വസന്തമായ്‌ ....
നിന്റെ കുഴല്‍ .. പോരൂ വസന്തമായ്‌ എന്നെന്റെ
അന്തരംഗത്തിൽ  അല ചേര്‍ക്കേ
ഞാന്‍ എന്‍റെ പാഴ്ക്കുടില്‍ അടച്ചു താഴിട്ടു
ആനന്ദ ബാഷ്പ്പം വാര്‍ത്തു
കൃഷ്ണാ നീയെന്നെ അറിയില്ല .....

കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മധുരക്ക് പോകുന്നുവത്രെ
അറിയില്ല നീയെന്നെ എങ്കിലും കൃഷ്ണാ
നിന്‍ രഥം എന്‍റെ കുടിലിന്നു മുന്‍പില്‍
ഒരു മാത്ര നില്‍ക്കുന്നു ....
കണ്ണീര്‍ നിറഞ്ഞൊരു മിഴികള്‍ എന്‍ നേര്‍ക്ക്‌ ചായുന്നു
കരുണയാല്‍ ആകെ തളര്‍ന്നൊരു ദിവ്യമാം സ്മിതമെനിക്കായ്‌ നല്‍കുന്നു ....
കൃഷ്ണാ നീ അറിയുമോയെന്നെ ......."

(സുഗത കുമാരി )
"അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും.....
ഉരുകി നിന്നത്മാവിന്‍ ആഴങ്ങളില്‍ വീണു
പൊലിയുമ്പോള്‍ ആണെൻറെ സ്വർഗ്ഗം  ..."
"ഈ ഭൂമിയും മനുഷ്യ സമൂഹവും ഉണ്ടായതില്‍ പിന്നെ എത്രയോ പേര്‍ മുന്‍പേ പറന്നു പോയി.ആശയ വിനിമയത്തിനുള്ള വഴികള്‍ അവര്‍ തുറന്നു വെച്ചു .പക്ഷെ , പ്രാക്തന സംസ്കാരങ്ങള്‍ക്കും നമുക്കുമിടയിലെ ഓര്‍മ്മത്തെറ്റുകള്‍ കുരുക്ഷേത്രങ്ങള്‍ ആവര്‍ത്തിച്ചു നമ്മെ ഇന്നും സ്വയംകൃത അനര്‍തങ്ങള്‍ ആയ അറവു ശാലകളിലേക്ക് നയിക്കുന്നു .

മുന്‍പേ മുന്‍പേ പറന്നു പോയവര്‍ക്കും നമുക്കുമിടയില്‍ എത്രയാണ് ദൂരം ? സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണാവുന്നത്ര ഉയരെ അകലെ വെറും പുള്ളി കുത്തുകളായി എത്ര പേരാണ് , ആരെല്ലാമാണ് ശാന്തരായി ദൃഡവൃതരായി  തളരാത്ത ചിറകുകള്‍ വീശി പറന്നു കൊണ്ടിരിക്കുന്നത് ?
എന്നാണ് നാം കൂട്ട ചിറകടിയുടെ ഉത്സാഹ തിമാര്‍പ്പോടെ അവരെ അനുഗമിക്കുക?
"മുന്‍പേ പറക്കുന്ന പക്ഷികള്‍ "
സി രാധാകൃഷ്ണന്‍
വൈകുന്നേരങ്ങളില്‍ പൊടി തിങ്ങിയ തെരുവുകളിലും പിന്നെയും സമയമുണ്ടെങ്കില്‍ പാര്‍ക്കിലും അലയുകയായിരുന്നു പതിവ്.അല്ലെങ്കില്‍ ലോഡ്ജിലെ മുറിയില്‍ കിഴക്കോട്ടു തുറക്കുന്ന ജനല്‍പ്പാളിയിലൂടെ ദൂരെ പര്‍വതനിരകള്‍ വരെ തരിശായി കിടക്കുന്ന വരണ്ട ഭൂമിയില്‍ നോക്കിയിരിക്കും "ഇത് എന്‍റെ സ്ഥലമല്ല" എന്ന അന്യതാബോധതോടെ .പുഴക്കരയിലെ നെൽവയലിന്റെ, അമ്പലമണിയുടെ ,തളര്‍ന്ന ചിറകുകളുമായി പറക്കുന്ന കടവതിലുകളുടെ കരച്ചിലിന്റെ, തെളിവെള്ളത്തില്‍ മുങ്ങിപ്പൊങ്ങി നീന്തി കളിക്കുന്ന കുട്ടിക്കാലത്തിന്റെ , എല്ലാം ഓര്‍മ്മയില്‍. അകലങ്ങളുടെ വേദനയില്‍ .....മാസവരുമാനത്തിനു വേണ്ടി മാത്രമുള്ള തൊഴിലിന്റെ അടിമത്തത്തിന്റെ ഭാരത്തില്‍ ....മറ്റേതോ വഴിയില്‍ നീണ്ടു കിടക്കുന്ന ജീവിത ലക്ഷ്യത്തില്‍ നിന്നും നിമിഷ മാത്രകള്‍ തോറും കൂടുതല്‍ അകലുന്നു എന്ന കയ്പ്പുറ്റ അറിവോടെ ..എവിടെയാണ് തെറ്റ് പറ്റിയതെന്ന അമ്പരപ്പോടെ ..ആരോടാണിതിനു പകരം വീട്ടേണ്ടതെന്നു അറിവില്ലാത്ത പകയോടെ ...
സ്പന്തമാപ്പിനികളെ  നന്ദി (സി രാധാകൃഷ്ണന്‍ )
നിന്നെ കുറിച്ച് എഴുതാനോ ..
നിലാവിന്റെ വെന്മഷി വേണമെനിക്കീ പ്രപഞ്ചവും !!
രാജലക്ഷ്മി
കിട്ടാത്ത വരങ്ങള്‍ ഉരുവിട്ട് കൊണ്ട് അടഞ്ഞ കോവിലുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നു ....
എന്നും നാം നില്‍ക്കുന്നു ....
എം ടി (കാലം )