ചിന്നി ചിതറി നുറുങ്ങിയെന്‍ ഓര്‍മ്മകള്‍
നുള്ളിയെടുത്തൊരു മാല കോര്‍്ത്തീടവേ
ഓര്‍മ്മകള്‍ക്കിത്രമേല്‍ സൌരഭ്യമേകിയ
നിന്നെ ഞാനിന്നു മറക്കുവതെങ്ങിനെ........

Thursday, July 11, 2013

പറയാൻ ഒരുപാടുണ്ടായിരുന്നു . പക്ഷെ കേൾക്കാൻ അവർ കാത്തുനിന്നില്ല. ആ സദസ്സിലേക്ക് ഒരു ക്ഷണം വർഷങ്ങൾക്കു  ശേഷം ഒരു കല്യാണ കത്തായി കിട്ടിയപ്പോൾ മനസ്സ് അശാന്തമായി ....അകാരണമായി  എന്ന് തീർത്തു പറയാമോ ....

നനുത്ത ശിശിരങ്ങളിൽ  ഒന്നിൽ മനസ്സിന്റെ ചില്ലുവാതിലിൽ വരച്ചിട്ട കുറേ ചിത്രങ്ങൾ ..പതിയിരുന്ന വേനൽ അവ പാടെ അവ്യക്തമാക്കി . ആ വേനലിന്റെ ഓർമ്മകൾക്കിന്നും ശമിക്കാത്ത ചൂട് !!!

നിശബ്ദദയുടെയും  നരച്ച നിറങ്ങളുടെയും ഭാരവുമായാണ്  ആ പുളിമരതോപ്പിൽ എത്തിയത് . പ്രൗഡ ഗം ഭീരമായ കോ ളേ ജ് ക്യാമ്പസ്സിന്റെ ഒരു മൂലയിൽ ആരെയും കാണാൻ കൂട്ടാക്കാതെ ഒളിച്ചിരിക്കുന്ന ഒരു പുളിമരത്തോപ്പ്‌ ..അതിനുള്ളിൽ ഞങ്ങൾ ദുരിതാ ശ്വാസ ക്യാംപ് എന്ന് കളിയാക്കി വിളിക്കുന്ന ഒരു പഞ്ചപുരാതന ക്ലാസ്സ് മുറി ..അവിടെയെത്തിയ ഓരോ കഥാപാത്രത്തിനും എന്തെങ്കിലുമൊക്കെ സവിശേഷത  അവകാശപ്പെടാനുണ്ടായിരുന്നു ..പറയാൻ ഞങ്ങൾക്കു എന്തെങ്കിലും എപ്പോഴും ഉണ്ടായിരുന്നു ..
രണ്ടു വലിയ പൈപ്പുകൾ ഇരിപ്പിടമൊരുക്കി   ക്ലാസിനു അരികിൽ നീണ്ടു നിവർന്നു കിടന്നിരുന്നു . ഇലക്ട്രോണിക്സ്  സ്റ്റാഫ്‌ മുറിയിൽ  നിന്ന് ക്ലാസ്സിലേക്കു ഒരു 5 മിനിട്ട് ദൂരമുണ്ട് . സർ ഒരു കുടയുടെ അകമ്പടിയോടെയാണ് എത്തുക .കുട പൊങ്ങിയും താണും വരുന്നതു കണ്ടാൽ ദേഷ്യമാണ് . മനസ്സില്ലാമനസ്സോടെ ആട്ടിടയന്റെ കുഞ്ഞാടുകളെ  പോലെ  ക്ലാസ്സിലേക്ക് കയറും . പിന്നെ കുറച്ചു നേരം electron  ൻറെയും hole inteyum  യാത്രാ  പഥങ്ങളിലൂടെ ഒരു പ്രദക്ഷിണം ...ആ യാത്രയിൽ ഇഷ്ട്ടമുള്ളവർക്ക്  സാറിനെ  പിന്തുടരാം ....അല്ലാത്തവർ കടിഞ്ഞാണ്‍ അഴിച്ചുവിട്ട  മനസ്സിനെ പിന്തുടർന്ന്  അങ്ങനെ അങ്ങനെ ......

 നിസ്സംശയം പറയാം ....സഞ്ചരിച്ച വഴികളിൽ ഇനിയും ഒന്ന് തിരിച്ചു പോകണം എന്ന് തോന്നുന്നതു ഈ പുളിമരതോപ്പിലേക്ക്  മാത്രം .ഓർമ്മയുടെ വേലിയേറ്റങ്ങളിൽ ഒരിക്കലും മനസ്സിലേക്ക് കടന്നു വരാൻ അനുവദിക്കാതെ  തള്ളിക്കളയുന്നതും  ഈ പുളിമരതോപ്പ് തന്നെ .

പതിയെ പതിയെ ആ സുഹൃദ് സദസ്സുകളിൽ ഒറ്റപെട്ടു പോകുന്നതു  ഞാൻ അറിയുന്നുണ്ടായിരുന്നു .അവരുടെ കണ്ണുകൾ  എനിക്ക് വായിക്കാൻ കഴിഞ്ഞില്ല .... ഹരി  ഒരു പാടു മാറിപ്പോയി . സദസ്സുകളിൽ  നിന്നും അപ്രത്യക്ഷനായി ..ക്ലാസ്സിൽ  കയറാതെയായി ...കാരണം  കണ്ടെത്താനുള്ള  അന്വേഷണം എത്തി  നിന്നത് എന്നിലായിരുന്നു ....
ഉള്ളിലെ  ഒരിഷ്ട്ടം എന്നോട് ഹരി പറഞ്ഞിരുന്നു ...പക്ഷെ ഞാൻ .. എന്റെ മനസ്സു വേറെ ഏതോ വഴിയിൽ ആരുടെയോ  നോട്ടത്തിനോ പുഞ്ചിരിക്കോ  വേണ്ടി  വൃഥാ കാത്തു നിൽപ്പായിരുന്നു .... മടങ്ങാൻ കൂട്ടാക്കാതെ .....

നയന പിന്നീട് എന്റെ കണ്ണുകളിലേക്ക്‌  ഒന്നു നോക്കിയത് പോലുമില്ല ...അവളായിരുന്നല്ലോ ഹരി എന്ന പൂവിനു ചുറ്റും വട്ടമിട്ടു പറന്നിരുന്ന ഞങ്ങളുടെ കുഞ്ഞു തുമ്പി ...
ആർക്കും  എന്നെ മനസ്സിലായില്ല.....
അഞ്ചു  വർഷത്തിൽ ഒരു ദിവസം പോലും പുളിമരത്തോ പ്പിനെ  ഞാൻ മറന്നില്ല .... ഒരുദ്യോഗം  കിട്ടി ഈ നഗരത്തിൽ  വന്നപ്പോൾ  പക്ഷെ ആരെയും ഒന്നും ഓർമ്മപ്പെടുത്തി യില്ല .... അവരെല്ലാം ഇവിടെ തന്നെ ഉണ്ടെന്നറിഞ്ഞിട്ടും ... തോറ്റു കൊടുക്കാൻ  ഞാനും ഒരല്പ്പം  മടിച്ചിട്ടുണ്ടാകാം ...

കല്യാണത്തിന് പോകണം...... നയനയും ഹരിയും കാണാൻ ഇഷ്ട്ടപെടാത്ത  ഒരു  അഥിതി ആകുമോ ഞാൻ ? .എങ്കിലും സാരമില്ല....എനിക്കെല്ലാവരെയും  തിരിച്ചു വേണം.... നിങ്ങളോളം വിലമതിച്ച  ഒന്നും എന്റെ ജീവിതത്തിൽ പിന്നെ കണ്ടുമുട്ടിയില്ലെന്നു പറയണം .......
മനസ്സിൽ  ഉരുണ്ടുകൂടിയ  കാർ മേഘങ്ങൾക്കു  മതിയാവോളം  പെയ്തൊഴിയാൻ  വാനം  ഒരുക്കി കൊടുക്കണം .........


No comments:

Post a Comment